തിരുവനന്തപുരം: മന്ത്രിമാരും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും എം.എല്‍.എമാരും ജില്ലാ സെക്രട്ടറിയും അടക്കമുള്ളവര്‍ അംഗങ്ങളായ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും സംശയനിഴലില്‍. രണ്ട് ദിവസം മുമ്പാണ് ന്യൂസ് ഫാക്ടറി എന്ന ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ എത്തിയത്.

പാര്‍ട്ടി പത്രത്തിലെ ന്യൂസ് എഡിറ്ററാണ് വീഡിയോ പോസ്റ്റ് ചെയ്തത്. സംഭവം ചര്‍ച്ചയായതോടെ വി.ഡി സതീശന്‍, പി.സി ജോര്‍ജ് അടക്കം പല എം.എല്‍.എമാരേയും ഗ്രൂപ്പില്‍ നിന്ന് തിടുക്കത്തില്‍ ഒഴിവാക്കി.

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ ഡിടിപി ഓപ്പറേറ്ററാണ് തനിക്ക് വീഡിയോ അയച്ച് തന്നതെന്നാണ് ന്യൂസ് എഡിറ്റര്‍ നല്‍കിയ വിശദീകരണം.

പോലീസിലെ പല ഉന്നത ഉദ്യോഗസ്ഥരും ഈ ഗ്രൂപ്പില്‍ അംഗങ്ങളാണ്. സംഭവം വിവാദമായതോടെ വീഡിയോയുടെ ഉറവിടവും വിശദീകരണവും ന്യായീകരണവുമാണ് തലസ്ഥാനത്തെ ഭരണനേതൃത്വത്തിലെ ചര്‍ച്ച.